12:24am 23 June 2026
NEWS
തൂത്തുക്കുടിയിൽ ആഞ്ഞടിച്ചത് ടോർണാഡോയോ?; വൈറൽ ദൃശ്യങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധർ
22/06/2026  10:32 AM IST
nila
തൂത്തുക്കുടിയിൽ ആഞ്ഞടിച്ചത് ടോർണാഡോയോ?; വൈറൽ ദൃശ്യങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധർ

 

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ, തട്ടുകടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടോൾ പ്ലാസ, സ്വകാര്യ തീം പാർക്ക് എന്നിവിടങ്ങൾക്കാണ് കനത്ത കേടുപാടുകൾ സംഭവിച്ചത്.

തൂത്തുക്കുടി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ പൊടിപടലങ്ങളും വിവിധ അവശിഷ്ടങ്ങളും ഭ്രമണം ചെയ്തുകൊണ്ട് ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. ശക്തമായ ഫണൽ ആകൃതിയിലുള്ള ചുഴലിക്കാറ്റ് വസ്തുക്കളെ ഉയർത്തിക്കൊണ്ടുപോകുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ, തമിഴ്‌നാടിന്റെ ചരിത്രത്തിലെ ആദ്യ ടോർണാഡോയാണിതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയർന്നു.

എന്നാൽ, തൂത്തുക്കുടിയിൽ അനുഭവപ്പെട്ടത് ടോർണാഡോ അല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ശക്തമായ ക്യുമുലോനിംബസ് മേഘവ്യവസ്ഥയോടൊപ്പം രൂപപ്പെട്ട ഇടിമിന്നൽ മഴയുടെ ഭാഗമായുണ്ടായ അതിശക്തമായ കാറ്റും പ്രാദേശിക ചുഴലിക്കാറ്റ് സ്വഭാവമുള്ള വായു ചലനങ്ങളുമാണ് ദൃശ്യങ്ങളിൽ പതിഞ്ഞതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

പ്രദേശത്ത് വീശിയ കാറ്റിന്റെ വേഗവും ദിശാമാറ്റങ്ങളും ചേർന്നാണ് അസാധാരണമായ ഈ പ്രതിഭാസം രൂപപ്പെട്ടതെന്നും, സാമൂഹ്യമാധ്യമങ്ങളിലെ ചില അവകാശവാദങ്ങൾ പോലെ ഇത് സ്ഥിരീകരിക്കപ്പെട്ട ടോർണാഡോ സംഭവമല്ലെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img